Sunday, December 28, 2008

ചെയ്യേണ്ടതു

ചോദ്യങ്ങള്‍ നിസ്സാരമെന്നു കരുതുമ്പോഴും ഉത്തരങ്ങള്‍ പിടിതരില്ല. ഒരു ഉത്തരം മറ്റൊരു ചോദ്യത്തോടും അതു വേറെ ഒരു ഉത്തരത്തോടും ബന്ധപ്പെട്ടു അങ്ങനെ ആ ചങ്ങല നീണ്ടു പോകും. അതിനു ഒരു അവസാനം വേണമെങ്കില്‍ രണ്ടു വഴിയേ ഉള്ളു. ചിന്തിക്കാതിരിക്കുക, ചോദ്യമോ ഉത്തരമോ പുറത്തു വരാതിരിക്കുക. ഇതു രണ്ടും ചെയ്യാതിരിക്കാന്‍ പറ്റുമോ? നമ്മള്‍ മനുഷ്യരല്ലേ? മനനം ചെയുന്നവര്‍....

അങ്ങനെ ഉത്തരമില്ലാത്ത അഥവാ ഉത്തരങ്ങള്‍ അനവധി ഉള്ള ഒരു ചോദ്യം ഒരു നാള്‍ എന്റെ മുന്നില്‍ വന്നു വീണു. “എന്തിനാണു സര്‍വ്വശക്തനും ദയയുള്ളവനുമായ ദൈവം ഒരു വിഭാഗം മനുഷ്യര്‍ക്കു ദുഖങ്ങളും കഷ്ടപ്പാടുകളും മാത്രം നല്‍കുന്നതു?” ഇതിന്റെ ഉത്തരം കണ്ടു പിടിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴും ഉത്തരം കിട്ടിയെന്നു ഞാ‍ന്‍ കരുതുന്നില്ല. ആര്‍ക്കെങ്കിലും ഈ ചോദ്യത്തിന്റെ ഉത്തരത്തെ പറ്റി അറിവുണ്ടെങ്കില്‍ ദയവായി പങ്കുവയ്ക്കുക.

എന്നെ സംബന്ധിച്ചു ഇതു വരെ ജീവിതത്തിന്റെ വലിയ കഷ്ടപ്പാടുകളോ ദു:ഖങ്ങളോ ദൈവേച്ഛയാല്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്റേതായ ചില ദു:ഖങ്ങള്‍ ഉണ്ടെങ്കിലും വേറെ ചില മനുഷ്യര്‍ അനുഭവിക്കുന്നതോ അനുഭവിച്ചതോ ആയ ദു:ഖങ്ങളോളം അതുണ്ടു എന്നും തോന്നുന്നില്ല. അതിനാല്‍, മറ്റുള്ളവരുടെ ദു:ഖങ്ങള്‍ അവരുടെ വിധിയാണു, യോഗമാണു എന്നു പറഞ്ഞു മാറിയിരുന്നു സഹതപിക്കാന്‍ ഞാനും ഉണ്ടു. “അവനവന്റെ പ്രവര്‍ത്തിയുടെ ഫലം!!!” എന്നു ക്രൂരമായി പറയുന്ന സ്ഥിതിയിലും ഞാന്‍ എത്തും. പക്ഷെ, ആ കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്നവര്‍ക്കറിയാം അതിന്റെ തീവ്രവേദന. ചിലപ്പോള്‍ അവരുടെ വിധിക്കു അവര്‍ ഒരു ചെറിയ കാരണം പോലും ആയിരുന്നിരിക്കില്ല. ഒന്നിനു പിറകെ ഒന്നായി ദുരിതങ്ങള്‍ അനുഭവിച്ചിട്ടും പിടിച്ചു നില്‍ക്കുന്നവരുടെ മന:ശക്തി!! സമ്മതിക്കാതിരിക്കാന്‍ പറ്റില്ല....

അപ്പോള്‍ എന്നെ പോലെ ഉള്ളവര്‍ തിരിച്ചു ചിന്തിക്കുന്നതാണു നല്ലതു എന്നു എനിക്കു തോന്നുന്നു – “എന്തിനാണു സര്‍വ്വശക്തനും ദയയുള്ളവനുമായ ദൈവം ഒരു വിഭാഗം മനുഷ്യര്‍ക്കു സൗഭാഗ്യങ്ങളും സന്തോഷങ്ങളും നല്‍കിയിരിക്കുന്നതു?”. ഇപ്പോള്‍ ആദ്യം ചോദിച്ചതിന്റെ വേറെ ഒരു ഉത്തരത്തിലേക്കു നമുക്കു കടക്കാന്‍ പറ്റും. ഈ സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്വയം അനുഭവിച്ചിട്ടു മറ്റേ വിഭാഗത്തിലെ ആളുകള്‍ എന്നെന്നും ദുരിതക്കടലില്‍ മുങ്ങിത്താഴുന്നതു കണ്ടുകൊണ്ടിരിക്കാന്‍ ആണോ ദൈവം നമുക്കു ഇതെല്ലാം തന്നിരിക്കുന്നതു? അല്ല. പിന്നെ എന്തിനാണു? ദൈവം എന്തിനു ഇങ്ങനെ ദൗര്‍ഭാഗ്യങ്ങള്‍ ചിലര്‍ക്കു കൊടുക്കുന്നു എന്നു ദൈവത്തെ കുറ്റം പറഞ്ഞു സഹതപിക്കുന്നതിനു പകരം ഉള്ള സന്തോഷവും സൗഭാഗ്യവും പങ്കിടാനും അതുവഴി കഷ്ടപ്പെടുന്നവരെ സഹായിക്കുവാനുമാണു ബാക്കി ഉള്ള വിഭാഗം ശ്രമിക്കേണ്ടതു എന്നതുകൊണ്ടാണു. അപ്പോള്‍ ഉത്തരം എന്താണു? ദൈവം അറിയാന്‍ ആഗ്രഹിക്കുന്നു.....എത്ര പേര്‍ എത്ര പേര്‍ക്കു താങ്ങായി നില്‍ക്കുന്നു എന്നു.....

ദുരിതക്കടലില്‍ മുങ്ങിയിട്ടും ശുഭപ്രതീക്ഷയോടെ ദൈവത്തില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചു തുഴഞ്ഞവര്‍ കരയ്ക്കടുക്കുക തന്നെ ചെയ്യും. നേരേ തിരിച്ചും.....മുങ്ങിത്താഴുന്നവരെ രക്ഷിക്കാനുള്ള ചെറിയ വഴി പോലുമുണ്ടായിട്ടും കണ്ടില്ല എന്നു നടിച്ചു പോകുന്നവരുടെ കപ്പല്‍ ഒരിക്കല്‍ മുങ്ങും. അതിലെ സ്വത്തു ആര്‍ക്കും പ്രയോജനമില്ലാതെ പോകുകയും ചെയ്യും.

No comments: