Wednesday, March 4, 2009

മനുസന്മാര്‍ നന്നാകുന്ന ഓരോ വയികളേ…!!!

കുഞ്ഞാക്ക നല്ലവനാണ്. Blog ഉണ്ടാക്കാന്‍ എന്നെ സഹായിച്ചു. എന്നാല്‍ കുഞ്ഞാക്കയുടെ speciality എന്താണെന്നു വച്ചാല്‍ “നന്നാകൂ ഓരോ നിമിഷവും!” എന്ന മുദ്രാ‍വാക്യവുമായി നടക്കുന്ന ആളാണ്. അഥവാ എങ്ങനെയെങ്കിലും അബദ്ധവശാല്‍ നന്നായിപ്പോയാല്‍ അതിനു സഹായിച്ചവരെ “കണ്ടന്മാര്‍, പഹയന്മാര്‍” എന്നൊക്കെ വിളിച്ചു ബഹുമാനിക്കാറുമുണ്ട്.

കുഞ്ഞാക്ക latest ആയിട്ടു നല്ലവനാകാന്‍ കാരണം ഷഫീ ചാപ്പിയാണത്രെ! ‘കുഞ്ഞാക്കയുടെ യാഹൂ’ എന്ന Blog-ല്‍ കുഞ്ഞാക്ക ചില യാഹൂ Friends-നെ നിഷ്കരുണം Caption-ഉകള്‍ വഴി തേജോവധം ചെയ്യാറുണ്ട്. അവരയച്ചു കൊടുത്ത Photos വച്ചാണ് കളി.(അവരുടെ അനുവാദത്തോടെയാണ് എന്നാ പറയുന്നത്). കുഞ്ഞാക്ക കുറേ നാള്‍ മുന്‍പു Photoshop പഠിച്ചിരുന്നു. ആ കലയുടെ എല്ലാ ഭംഗിയും ആ Blog-ല്‍ കാണാം എന്നത് വേറെ കാര്യം. പഠിച്ച photoshop വിദ്യ ‘ഫോട്ടോഷോപ്പി’ എന്ന blog-ലൂടെ ആദ്യം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി. പിന്നെ എപ്പോഴാണ് പരദൂഷണം തുടങ്ങാനുള്ള വക്രബുദ്ധി വന്നത് എന്ന് അറിയില്ല. അങ്ങനെ ഷഫി എന്ന friend-നു ആകെ feelings ആയി. അവസാനം കുഞ്ഞാക്ക പ്രഖ്യാപിച്ചു “ഇവന്റെ ഒരൊറ്റ കാരണം കൊണ്ടാ ഞാന്‍ നന്നായേ!!!” ഇനി ആ blog-ല്‍ ആക്ഷേപഹാസ്യങ്ങള്‍ ഉണ്ടാവില്ല എന്നാണോ ഉദ്ദേശിച്ചതാവോ! അറിയില്ല... അങ്ങനെയാണ് കുഞ്ഞാക്ക latest ആയിട്ട് നന്നായത്. Photoshop ചെയ്ത photo-യും അതിന്റെ caption-നും കണ്ടാല്‍ ഷാഫിക്ക് വിഷമം വന്നില്ലേലേ അല്‍ഭുതമുള്ളു. Darwin സിദ്ധാന്തത്തിലെ പൂര്‍വ്വപിതാക്കന്മാരുമായിട്ട് ഷഫിക്ക് നല്ല ബന്ധം ആണെന്നായിരുന്നു കുഞ്ഞാക്കയുടെ സിദ്ധാന്തം!

ഇനിയും ചിലപ്പോ കുഞ്ഞാക്ക നന്നാവാന്‍ സാദ്ധ്യത ഉണ്ട് ; കൂടുതല്‍ friends ഇതിനെതിരെ രംഗത്തെത്തിയാല്‍... കാത്തിരുന്ന് കാണുക തന്നെ! പക്ഷെ ഒന്നുണ്ട്, കുഞ്ഞാക്ക ശരിക്കും നന്നായിപ്പോയാല്‍ സൂര്യന്‍ കിഴക്കസ്തമിക്കും, കാക്ക മലര്‍ന്നു പറക്കും, കടല്‍ വറ്റിപ്പോകും, എന്റെ Blog Mathrubhoomi-യില്‍ അച്ചടിച്ചു വരും!!!

പേരമ്മച്ചി

പേരമ്മച്ചി അമ്മയുടെ സുഹൃത്താണ്. ആ പരിചയം മാത്രമല്ല എനിക്ക്. വര്‍ഷങ്ങള്‍ക്കു മുന്പു നാട്ടിലെ അംഗവാടിയില്‍ ഞാനും ഉണ്ടായിരുന്നു. അമ്മ ജോലിക്കു പോകുന്ന സമയത്തു എന്നെ അവിടാക്കും. അംഗന്‍വാടിയിലെ Helper ആണു പേരമ്മച്ചി. പേരമ്മച്ചി ഉണ്ടാക്കുന്ന ഉപ്പുമാവു, അതിന്റെ രുചി ഇന്നും നാവിലുണ്ട്. യഥാര്‍ഥ പേരു എനിക്കറിയില്ല. ഞങ്ങള്‍ കുട്ടികളെല്ലാം ‘പേരമ്മച്ചി’ എന്നാണു വിളിച്ചിരുന്നത്. കഴിഞ്ഞ ഇടയ്ക്കും കണ്ടിരുന്നു. ചായ ഇട്ടു കൊടുത്തപ്പോള്‍ നല്ല ചായ എന്നു അഭിനന്ദനം. കടുംചായയില്‍ ഏലയ്ക്കാ ഇട്ടു രുചി കൂട്ടുന്ന വിദ്യ ഒരിക്കല്‍ പേരമ്മച്ചി തന്ന ചായയില്‍ നിന്നാണു ഞാ‍ന്‍ മനസ്സിലാക്കിയതു. 7-8 മാസങ്ങള്‍ക്കു മുന്പ് ഞാനും അമ്മയും അംഗന്‍വാടിയില്‍ ചെന്നിരുന്നു. അംഗന്‍വാടിക്കു സമീപത്തെ പറമ്പില്‍ വേലി കെട്ടാന്‍ ചെന്നതാണു ഞങ്ങള്‍. കുട്ടികളില്‍ ചിലര്‍ കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. മറ്റു ചിലര്‍ ഉച്ചയുറക്കത്തിലാണ്. പേരമ്മച്ചി വളരെ കാര്യായിട്ട് തന്നെ കുട്ടികളുടെ വിശേഷങ്ങള്‍ ഞങ്ങളോട് പറഞ്ഞു. ആ കുട്ടികളുടെ വീട്ടിലെ സ്ഥിതിയും അംഗന്‍വാടിയിലെ കുസൃതികളും ഒക്കെ. കുട്ടികളില്ലാത്ത പേരമ്മച്ചിക്കു അവര്‍ സ്വന്തം കുട്ടികളെ പോലെയാണ്.

ഗ്രാമത്തിലെ സാധാരണ വീടുകളിലെ കുട്ടികള്‍ ആദ്യാക്ഷരം പഠിക്കുന്നത് അംഗന്‍വാടിയില് ചേര്‍ന്നിട്ടാണ്. ഞാന്‍ ആശാന്റെ കീഴിലാണ് അക്ഷരങ്ങള്‍ പഠിച്ചത്. എല്ലാവരുടെയും ശ്രമം കൊണ്ട് മൂന്നു വയസ്സായപ്പോഴേയ്ക്കും പത്രം വായിക്കാന്‍ പറ്റി. അംഗന്‍വാടിയില്‍ ആക്കിയതിന് കാരണം, അച്ഛനും അമ്മയും ജോലിക്കു പോയാല്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കണ്ടല്ലോ എന്നു കരുതി ആണ്. ഇതാകുമ്പോള്‍ സമപ്രായക്കാരു കുട്ടികളുമായിട്ട് കളിക്കാല്ലോ?

സ്കൂള്‍ പഠനത്തിനായും മറ്റും ഞാന്‍ പോയതില്‍ പിന്നെ അംഗന്‍വാടിയോടുള്ള ബന്ധം കുറഞ്ഞു. പേരമ്മച്ചി ഭര്‍ത്താവുമായി പിരിഞ്ഞതാണു. ആങ്ങളയുടെ വീടിനടുത്തുള്ള ഒരു ചെറിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. അമ്മയോടൊത്തു ഒരിക്കല്‍ ഞാനവിടെ പോയിട്ടുണ്ട്. ജീവനില്ലാത്ത വീടു പോലെ തോന്നി. ആ ആങ്ങളയുടെ മകന്‍ ഒരു കുട്ടിയെ സ്നേഹിച്ചു വിവാഹം കഴിച്ചു. പേരമ്മച്ചിയാ‍ണ്‍ മുന്‍കൈ എടുത്ത് അത് നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയത്. പെണ്ണു നല്ല കുടുംബത്തിലെ ആയിരുന്നു, സാമ്പത്തികവും ഉയര്‍ന്നത്. ആങ്ങളയും പിന്നെ എതിര്‍പ്പൊന്നും പറഞ്ഞില്ല. അങ്ങനെ എല്ലാം മംഗളമായി നടന്നു.

കഴിഞ്ഞയിടയ്ക്കു കണ്ടപ്പോള്‍ മുടിയൊക്കെ ബോബ് ചെയ്തിരുന്നു. രോഗത്തിന്റെ അസ്വസ്ഥതകളുണ്ട്. എങ്കിലും സ്വന്തം കാര്യങ്ങള്‍ സ്വയം നടത്താനുള്ള നിശ്ചയദാര്‍ഢയം കൊണ്ട് അസ്വസ്ഥതകള്‍ അവഗണിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. Woman empowerment-നെപ്പറ്റിയുള്ള പലതും കേള്ക്കുമ്പോള്‍ പേരമ്മച്ചിയും ഉദാഹരണമാണ് എന്ന് തോന്നിയിട്ടുണ്ട്.

Sunday, January 11, 2009

ഒഴുകി നീങ്ങുന്ന മേഘങ്ങൾ

ഓം നമഃ ശിവായഃ

ജനലഴികളിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ വെളുവെളുത്ത പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ കാറ്റിനനുസരിച്ചു നീങ്ങുന്ന കാഴ്ച്ചയാണു കാണുന്നതു. പബ്ളിക് പരീക്ഷയുടെ ചൂടിലാണു എല്ലാവരും. നിശ്ശബ്ദമായ ഹോസ്റ്റലും ഇഴഞ്ഞു നീങ്ങുന്ന കാറ്റും ഇളകുന്ന മരച്ചില്ലകളും. പരീക്ഷയായാല്‍ ഇങ്ങനെ ആണു. മുറിയില്‍ ഫാനിന്റെ മുരളല്‍ മാത്രം. ഇപ്പോള്‍ ഉച്ചയായി. ഉച്ചയൂണു കഴിഞ്ഞു ഒരു മയക്കം അവധി ദിവസങ്ങളില്‍ പതിവാണു. എന്നാല്‍ പരീക്ഷയുടെ ചൂടു കയറിയതില്‍ പിന്നെ അതിനും കഴിയുന്നില്ല. പുസ്തകങ്ങളിലെ വരികള്‍ ഉരുവിട്ടു മന:പാഠമാക്കികൊണ്ടിരുന്നു. ഉച്ചയ്ക്കിരുന്നു പഠിച്ചാല്‍ തലയില്‍ ഒന്നും കയറില്ല എന്ന എന്റെ സിദ്ധാന്തമൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. ഭാവിയില്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ ഈ പരീക്ഷ ഒരു പങ്കു വഹിക്കുമെന്ന സത്യം എന്നെ പഠനം എന്ന പ്രക്രിയ തുടരാന്‍ പ്രേരിപ്പിക്കുന്നു. ഭാവിയാണല്ലോ നമുക്കു പ്രതീക്ഷ നല്‍കുന്നതും പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.

ഹോസ്റ്റലില്‍ എന്റെ മുറിയില്‍ മൂന്നു പാളിയുള്ള ഒരു ജനലുണ്ട്. കതകു ഞാന്‍ അടച്ചിടുകയാണു പതിവു. എന്റെ റൂംമേറ്റ്സ് സ്റ്റഡിലീവിനു വീട്ടിലേക്കു പോയി. അതിനാല്‍ ഞാന്‍ തനിച്ചാണു. ഏകാന്തത അത്ര സുഖകരമായ അനുഭവമൊന്നുമല്ല, ഒരു സമൂഹജീവിയായ എനിക്ക്. എങ്കിലും, ഏകാന്തതയിലിരുന്നു പഠിക്കാന്‍ താല്പര്യമാണ്. വീട്ടില്‍ ചെന്നാല്‍ ടി.വി.യും, അനിയനുമായുള്ള സ്ഥിരം പിണക്കങ്ങളും പിന്നെയുള്ള ഇണക്കങ്ങളും ഒക്കെ എന്റെ പഠനത്തിന്റെ താളം കെടുത്തുമെന്നു മേല്‍പ്പറഞ്ഞതൊക്കെ ഇഷ്ടപ്പെടുന്ന ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഒറ്റയ്ക്കെങ്കില്‍ ഒറ്റയ്ക്ക് തങ്ങാമെന്നു കരുതി. മറ്റു ചില കുട്ടികളും ഹോസ്റ്റലിലുണ്ട്. അതിനാല്‍ പൊതുവായിട്ടു പറഞ്ഞാല്‍ ഞാന്‍ തനിച്ചല്ല.

ഇപ്പോള്‍ ആ ജനാലയാ‍ണു എന്റെ ഏകാന്തതയുടെ വിരസത കുറയ്ക്കുന്നത്. ആ ജനാലയിലൂടെ നോക്കിയാല്‍ മരങ്ങളും ഇലപ്പടര്‍പ്പും പക്ഷികളെയും മറ്റു പറവകളെയും കാണാം. വലിയൊരു കോമ്പൌണ്ടിനുള്ളിലാണു കോളേജും ഹോസ്റ്റലും സ്ഥിതി ചെയ്യുന്നതു. നഗരത്തിന്റെ ഹൃദയഭാഗത്താണു ഇവയെങ്കിലും, ഹോസ്റ്റലിലിരുന്നാല്‍ അതു ഒട്ടും തന്നെ അനുഭവപ്പെടുകയില്ല. വാഹനങ്ങളുടെ ശ്വാസം മുട്ടിക്കുന്ന പുകയോ ശബ്ദമോ അങ്ങോട്ടേയ്ക്കെത്തില്ല. ഇടയ്ക്കിടയ്ക്കു - പലപ്പോഴും നിശ്ശബ്ദത തളം കെട്ടുന്ന – എല്ലാവരും സുഖനിദ്രയില്‍ അലിയുന്ന രാത്രിവേളയില്‍ ദൂരെ, നഗരത്തിന്റെ മറ്റൊരു ഭാഗത്തു കൂടി പോകുന്ന തീവണ്ടിയുടെ കൂവല്‍ കേള്‍ക്കാം. അതും ചെവിയോര്‍ത്തിരുന്നാല്‍ മാത്രം.

പഠനത്തിന്റെ ഇടവേളയില്‍ ആ ജനലില്ക്കൂടി പ്രകൃതിയുമായി ഞാന്‍ സല്ലപിക്കാറുണ്ട്. പകല്‍ സമയത്തു ജനലിനു സമീപമുള്ള നെല്ലിമരത്തില്‍ എന്നോടു കൂട്ടുകൂടാന്‍ മാടത്തയും അണ്ണാനും തത്തയും ഇരുവാലനും കുറേ കാക്കകളും മറ്റും എത്താറുണ്ട്. രാത്രിയായാല്‍ വവ്വാലുകള്‍ സമീപത്തുള്ള ബദാമിലാണു സ്ഥാനം പിടിക്കുക.

ഇതു എന്റെ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷമാണ്. ഈ ഹോസ്റ്റലും ആ നെല്ലിമരവും അതില്‍ ഇടയ്ക്കിടെ വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരും രാത്രിയിലെ നരിച്ചീറുകളും ഒക്കെ മറക്കുവാനോ അവയെ പിരിയുവാനോ എനിക്കു സാധ്യമാകുമോ? ജനാലയുടെ പുറത്തു കണ്ണാടി പിടിച്ചു എന്നും ഞാനും കൂട്ടുകാരും പടിഞ്ഞാറുള്ള സൂര്യാസ്തമയം കണ്ണാടിയിലൂടെ കണ്ടു ആസ്വദിക്കാറുണ്ടു. എന്റെ കിടക്ക ജനലിനു സമീപമായിരുന്നതിനാല്‍ അതിരാവിലെ ജനല്‍ തുറന്നിട്ടു കൂട്ടമായി പറന്നു പോകുന്ന പക്ഷികളെയും അവയുടെ കലപിലസ്വരങ്ങളും ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു. ഈ പരീക്ഷ തീരുമ്പോള്‍ ഈ ഹോസ്റ്റല്‍ വിട്ടു പോകേണ്ടി വരും. ഹോസ്റ്റല്‍ വിട്ടുപോയാല്‍, ഇനി എനിക്കു ഇവിടേക്കു ഈ മുറിയില്‍ എത്താനാവും എന്നോ എത്താനാകുമോ എന്നോ പറയാനാവില്ല.

ഇവിടം വിട്ടു മറ്റൊരു നഗരത്തിലെ മറ്റൊരു കോളേജിലെ ഹോസ്റ്റലില്‍ ഞാനെന്റെ ജീവിതത്തിന്റെ വേറൊരു ഭാഗം ചിലവിടേണ്ടി വരുമായിരിക്കാം. അവിടെയും ഈ പ്രകൃതി എന്റെ ഏകാന്തതയില്‍ കൂട്ടായിട്ടുണ്ടാവാം. എന്റെ വീടു പോലെ ഭംഗിയുള്ള ഒരു സ്ഥലം ഈ ഭൂലോകത്തെങ്ങും കാണില്ലെങ്കിലും ഞാനെവിടെപ്പോയാലും ഈ പ്രകൃതി എന്റെ കൂട്ടുകാരിയായി ഈ ലോകത്തിന്റെ അങ്ങേ മൂലേയ്ക്കു വരേയും കാണുമെന്നു ഞാനാശ്വസിക്കുന്നു. എന്റെ കൂട്ടുകാരീ, ഞാ‍ന്‍ നിന്നെ സ്നേഹിക്കുന്നു. ഹൃദയം കുളിര്‍പ്പിക്കുമാറു, ഈ ലോകത്തിന്റെ ഏതു കോണിലും പ്രകൃതിയിലേയ്ക്കു എനിക്കു വേണ്ടി ജനല്‍പ്പാളികള്‍ തുറന്നു കിടക്കും.

ഒരു ബസ്സ് ‘അനുഭവം’

ഓം നമഃ ശിവായഃ

ബസ്സില്‍ യാത്ര ചെയ്യാന്‍ വളരെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍. കാരണം വേറൊന്നുമല്ല. സ്വന്തമായി വാഹനം ഒന്നും ഇല്ല. അപ്പോള്‍, യാത്രയ്ക്കു ബസ്സു തന്നെയാണു ആശ്രയം. അല്ലേല്‍, കണ്ടക്ടറുടെയും സഹയാത്രികരുടെയും ഇടി കൊള്ളാതെ, കമ്പിയില്‍ തൂങ്ങി നിക്കാതെ, ഒന്നിരിക്കാന്‍ സീറ്റു കിട്ടാതെ നിന്നു മുഷിയാതെ ഒക്കെ സുഖായിട്ടു യാത്ര ചെയ്യാന്‍ കാറുണ്ടേല്‍ ബസ്സിനെ ഞാന്‍ ഏഴയലത്തു അടുപ്പിക്കുമോ? ബസ്സിലെ യാത്ര ഇങ്ങനെ ഒക്കെയാണു. “വിസ്തരിച്ചു പോകണേല്‍ ടാക്സി പിടിച്ചു പോടോ!” എന്നുള്ള ‘നല്ല വാക്കു’ കേള്‍ക്കാതിരിക്കണേല്‍ ഇതൊക്കെ സഹിച്ചേ പറ്റൂ. സഹന:ശക്തി പഠിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല!!! അതുകൊണ്ട് സഹന:ശക്തി, ക്ഷമാശീലം, മറ്റുള്ളവരെ( വേറെ നിവര്‍ത്തിയില്ലാത്തതു കൊണ്ടാണേലും) കരുതല്‍ തുടങ്ങിയ നല്ല ശീലങ്ങള്‍ കുറച്ചു നേരത്തേയ്ക്കെങ്കിലും ശീലമാക്കാന്‍ ബസ്സ് യാത്ര ഉപകാരപ്പെടും എന്നതു വലിയ ഒരു കണ്ടെത്തലായിരുന്നു എനിക്ക്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു അമ്മയും ഞാനും ഒന്നിച്ചു കോട്ടയത്തിനു യാത്രയായി. ഒറ്റവണ്ടി കിട്ടിയില്ല. അങ്ങനെ, കറുകച്ചാലിലേയ്ക്കുള്ള ബസ്സിനു കയറി. അമ്മ സൈഡ് സീറ്റിലും ഞാ‍ന്‍ അമ്മയുടെ അടുത്തായും ഇരിപ്പുറപ്പിച്ചു. വയസ്സായവര്‍, കൈക്കുഞ്ഞിനെയേന്തിയ സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കു സീറ്റു ഒഴിഞ്ഞു കൊടുക്കണം എന്നു നിയമമൊന്നുമില്ലെങ്കിലും ഇതൊക്കെ മര്യാദയുടെ ആദ്യപാഠങ്ങളില്‍ പഠിക്കുന്നതാണ്. പലരും ഇവരെയൊന്നും മൈന്‍ഡ് ചെയ്യാറുകൂടിയില്ല. കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. കാരണം, ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്തവന്റെ അവസ്ഥയാവും പിന്നീട്. അതു തന്നെ!!!. കുട്ടികളെയും ചുമന്നു കേറുന്നവരുടെ കയ്യിലിരിക്കുന്ന കുട്ടിയ്ക്കു 5ഉം 6ഉം വയസ്സാണെങ്കിലോ? കൂടുതല്‍ പേരും കുട്ടികളെ സ്വന്തം മടിയിലിരുത്തി സീറ്റു കൈവിട്ടു പോകാതെ തന്നെ ‘അന്യരെ കരുതുക’ എന്ന മര്യാദ കാണിക്കും. എനിക്കു, പകുതി സീറ്റില്‍ ഇരിക്കാനൊന്നും താല്പര്യമില്ലാത്തതു കൊണ്ട് അത്യാവശ്യാ‍ണെങ്കില്‍ മാത്രം എഴുന്നേറ്റു കൊടുക്കും.

പണ്ടൊരിക്കല്‍ ഇങ്ങനെ ദൂരയാത്ര ചെയ്യുമ്പോള്‍ ഒരു പകുതി ഗര്‍ഭിണി ഞാനിരുന്ന സീറ്റിനടുത്തു വന്നു നിന്നു. ബസ്സു സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന സംശയത്തോടെ ഞാ‍നിരുന്നു. ബസില്‍ തള്ളു കൂടി വരുന്നു. ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു:

“സാരമില്ല, ഞാന്‍ കുറച്ചു അപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ആണു. ഇരുന്നോളൂ..”

വേണ്ട എന്നു പറയുമ്പോഴാണല്ലോ നമുക്ക് മര്യാദ കാണിക്കാനുള്ള ആവേശം കൂടുന്നതു!!! ഞാന്‍ പറഞ്ഞു:

“ഞാന്‍ ദൂരയാത്രയാണു. കുറച്ചു അപ്പുറത്താണു ഇറങ്ങുന്നതെങ്കില്‍ തള്ളു കൊള്ളാതെ അത്രേം നേരം ഇരിക്കാല്ലോ. കുറച്ചു നേരമല്ലേ ഉള്ളു…...ഞാ‍ന്‍ നിന്നോളാം.” അങ്ങനെ അവര്‍ ഇരുന്നു, ഞാന്‍ നിന്നു.

തള്ളു കൂടി വന്നു. ആ സീറ്റും കടന്നു മുമ്പിലെ രണ്ടാമത്തെ സീറ്റിനു സമീപത്തായി ഞാന്‍ കഷ്ടപ്പെട്ട് കമ്പിയില്‍ തൂങ്ങി നിന്നു. ആയിടയ്ക്കു കൈയ്ക്കു ഒരുളുക്കു പറ്റിയിരുന്നു. അതിന്റെ വേദന കമ്പിയില്‍ ബലം കൊടുത്തപ്പോള്‍ അറിഞ്ഞു. എന്തായാലും ഒരു ഗര്‍ഭിണിയെ സഹായിക്കാന്‍ പറ്റിയല്ലോ എന്നു മനസ്സില്‍ സന്തോഷിച്ചു കൊണ്ട് നിന്നു. ഒരു നാലഞ്ചു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഞാന്‍ അവരെ തിരിഞ്ഞു നോക്കി. അവരിറങ്ങിയിട്ടില്ല. ‘ദൈവമേ… അങ്ങു വരെ നിക്കേണ്ടി വരുമോ?’ ഒരു ദീര്‍ഘനിശ്വാസമെടുത്തു. ഇനി ഇപ്പോള്‍ അവര്‍ ഇറങ്ങിയാല്‍ത്തന്നെ ഇങ്ങു ദൂരെ നിക്കുന്ന എനിക്കു ആ സീറ്റു കിട്ടുമോ എന്നതു സംശയം തന്നെ ആണു. ഹോ! സമാധാനമായി…എന്റെ ആധികള്‍ക്കു വിരാമമിട്ടു കൊണ്ടു അടുത്ത സ്റ്റോപ്പിലിറങ്ങാനായി അവര്‍ എഴുന്നേറ്റു. നല്ല ചേച്ചി… ദൂരെ നിന്ന എന്നെ വിളിച്ച് “ദാ സീറ്റ്…ഇരുന്നോളൂ. ഞാന്‍ ഇറങ്ങുകയാണു” എന്നു പറഞ്ഞു അവര്‍ പോയി. വളരെ സന്തോഷത്തോടെ ഞാന്‍ സീറ്റിലും ഇരുന്നു.

ദൂരയാത്ര ചെയ്യുമ്പോള്‍ കഴിവതും ഞാന്‍ സൈഡ് സീറ്റാണു പിടിക്കുക. അപ്പൊപ്പിന്നെ എഴുന്നേറ്റ് മാറേണ്ട പ്രശ്നം വരില്ലല്ലോ! അല്ലാതെ വന്ന ചില സന്ദറ്ഭങ്ങളില്‍ ഒന്നാണു മേല്‍ പറഞ്ഞതു. ഈ നല്ല അനുഭവം ഉള്ളതുകൊണ്ടാവാം ഈ പ്രാവശ്യം അമ്മയുടെ കൂടെ കോട്ടയത്തിനു പുറപ്പെട്ടപ്പോള്‍ സൈഡ് സീറ്റു വേണമെന്നു എനിക്കു തോന്നിയില്ല. സൈഡ് സീറ്റ് ഇല്ലായിരുന്നു താനും.

അങ്ങനെ യാത്ര പകുതിയായപ്പോള്‍ ഒരമ്മച്ചി വന്നു. നല്ല പ്രായം ചെന്നിട്ടു നില്‍ക്കാന്‍ കഷ്ടപ്പെടുകയാണവര്‍. ചിക്കുന്‍ ഗുനിയ തരംഗം കേരളത്തില്‍ അങ്ങോളമിങ്ങോളം വീശിയടിച്ചതുകൊണ്ട് കേരളത്തിലുള്ളവര്‍ അവരുടെ പ്രായത്തെക്കാള്‍ വീക്ക് ആണു. അമ്മച്ചി കേറിയ ഉടനെ എന്നെ തോണ്ടി വിളിച്ചു സീറ്റ് വേണമെന്നു പറഞ്ഞു. ഞാനെഴുന്നേറ്റു. പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി തോന്നി. തള്ള് കൂടി. ഈ പ്രാവശ്യം സീറ്റിനു പുറകിലേയ്ക്കാണു ഞാന്‍ നീങ്ങിയതു. അപ്പോള്‍ എനിക്കു മുമ്പിലായി 28-30 വയസ്സുള്ള ഒരു സ്ത്രീ വന്നു നിന്നു. കുളിക്കാതെ സ്പ്രേ പൂശിയിരിക്കുകയാണ്. ആ ‘സുഗന്ധ’ത്തില്‍ നിന്നും എങ്ങോട്ടേലും ഓടിപ്പോയാലോ എന്നു തോന്നി. എന്തു ചെയ്യാം? തള്ളായതിനാല്‍ എങ്ങോട്ടും നീങ്ങാനും പറ്റില്ല. അതുമല്ല, അമ്മച്ചി ഇറങ്ങുമ്പോള്‍ ഇരിക്കാനുള്ളതുമാണ്.

ഇറങ്ങാന്‍ നേരം അന്നു കണ്ട ചേച്ചിയെപ്പോലെ അടുത്തു വിളിച്ചു അമ്മച്ചി സീറ്റ് തിരിച്ച് എന്നെ ഏല്‍പ്പിക്കും. സ്നേഹപൂര്‍വ്വം ചിരിക്കും. ഞാന്‍ മനസ്സില്‍ കണ്ടു. എന്നാല്‍ സംഭവിച്ചതു…

അമ്മച്ചി ധൃതി പിടിച്ച് എല്ലാരേം തള്ളിമാറ്റി ഊളിയിട്ട് ഒറ്റ പോക്ക്! സൈഡ് സീറ്റിലിരുന്ന അമ്മയ്ക്കു എന്തെങ്കിലും പറയാനാവും മുമ്പ് ആ സ്പ്രേയില്‍ മുങ്ങിയ ചേച്ചി അവിടെ കയറി ഇരുപ്പായി. അവര്‍ കണ്ടതാണ് ഞാന്‍ അമ്മച്ചിക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തത്. അമ്മ വിഷണ്ണയായി എന്നെ നോക്കി. ചിരിച്ചുകൊണ്ടു സാരമില്ല എന്നു ഞാന്‍ കണ്ണടച്ചു കാണിച്ചു. ചേച്ചി എന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല. ബസ്സില്‍ ഒരു സീന്‍ ഉണ്ടാക്കണമെന്നു തീരെ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ നില്‍പ്പു തുടര്‍ന്നു. അവസാനം കറുകച്ചാലെത്തി. അവിടെ അവരും ഞങ്ങളും ഇറങ്ങി.

ഇനി കോട്ടയത്തേക്കുള്ള ബസ്സില്‍ കയറണം; കയറി. ഒരു സീറ്റ് മാത്രം മുഴുവനായി ഒഴിഞ്ഞു കിടപ്പുണ്ട്. ഇപ്രാവശ്യം അബദ്ധം പറ്റരുത്. ഞാന്‍ സൈഡ് സീറ്റില്‍ ഇരുന്നു, അമ്മ എന്റെ അടുത്തും. പ്രായമായതിനാല്‍ അമ്മയെ ആരും എഴുന്നേല്‍പ്പിക്കില്ലല്ലോ! എന്റെ ഒരു ബുദ്ധി!!! ഹ് മ്…ബസ്സില്‍ തിരക്കും കൂടി.

യാത്ര പകുതി പോലുമായില്ല. അപ്പോഴേയ്ക്കും 3ഉം 4ഉം വയസ്സുള്ള കുട്ടികളും ഒരു കൈക്കുഞ്ഞുമായി ഒരു സ്ത്രീ എത്തി. അവരുടെ കൂടെയേ ഇരിക്കൂ എന്ന് അവരുടെ കുട്ടികള്‍ക്കു വാശി. അവസാനം അറ്റത്തിരുന്ന എന്നെ അവര്‍ തോണ്ടി വിളിച്ചു ചോദിച്ചു സീറ്റു കൊടുക്കാമോ എന്നു. വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ട് എഴുന്നേറ്റു കൊടുത്തു. അമ്മയുടെ മുഖം വീണ്ടും വിഷണ്ണമായി. അങ്ങനെ ആ ദൂരയാത്രയുടെ ഭൂരിഭാഗവും നിന്നു തന്നെ യാത്ര ചെയ്തു. എനിക്കു എന്റെ അവസ്ഥയോര്‍ത്തിട്ടു ചിരിക്കണോ കരയണോ എന്നറിയില്ല! ബസ്സുയാത്രയില്‍ ഇങ്ങനെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില ‘പ്രതിഭാസങ്ങള്‍ ’ മഹാസംഭവങ്ങളാണെന്നു ഞാന്‍ ആത്മഗതം ചെയ്തു.